Sunday, August 16, 2015

മാന്ത്രികൻ


മരണം ഒരു കോമാളി അല്ല പിന്നെ
മന്ത്രമില്ലാത്തൊരു മാന്ത്രികൻ
രംഗ ബോധവുമേറെ കൈയോതുക്കവും
ഒത്തു ചേര്‍ന്നിടും മഹാ മാന്ത്രികൻ

ഞൊടിയിൽ തീർത്തിടും  ചുറ്റിലും
ഇരുളിൻ ക്രൂരമാം ശൂന്യത
ഞൊടിയിലോ മറച്ചിടും ജീവന്റെ
ജീവനാം ചിലരയോ കാഴ്ചയിൽ  
മൗനങ്ങൾ ഓർമ്മകൾ പിന്നെയേറെ
പറയാതെ പോയരാ മൊഴികളും
തീർത്തിടും ഉള്ളിലൊരു ജ്വാലയതിൽ
എരിച്ചിടും സർവവും മാത്രയിൽ

കണ്ണ് നീർ വറ്റുകിൽ മിഴികളിൽ, 
ക്രൂരമാം ചിരിയുമായ് വരികയായ് വീണ്ടും
ഇനിയുമേറേയുണ്ട് എനിക്ക് വിദ്യകൾ
ഇനിയുമൊരുന്നാൾ വന്നിടാം
മന്ദഹാസത്തോട് മൊഴിഞ്ഞു പിന്നെ
കരഘോഷമില്ലാതെ രംഗമൊഴിഞ്ഞു
കാത്തിരിക്കുന്നു ഞാൻ ഇവിടെ ശൂന്യതയിൽ
കാത്തിരിക്കുന്നു എന്റെ ഊഴത്തിനായി